കോതമംഗലം: കോടികൾ മുടക്കി നിർമിച്ച ഫെന്‍സിംഗ് കാട്ടാനകൾ മരങ്ങൾ തള്ളിയിട്ട് തകർത്ത് ജനവാസ മേഖലയിൽ പ്രവേശിക്കുന്നു. കോട്ടപ്പടി, പിണ്ടിമന, വേങ്ങൂര്‍ പഞ്ചായത്തുകളിലെ ജനവാസ മേഖലകളേയും കൃഷിയിടങ്ങളേയും സംരക്ഷിക്കുന്നതിനായി മൂന്നേമുക്കാല്‍ കോടി ചെലവഴിച്ചാണ് ഫെന്‍സിംഗ് സ്ഥാപിക്കുന്നത്.
നിര്‍മാണം പൂര്‍ത്തീകരിച്ച ഭാഗങ്ങളില്‍ ഐനിച്ചാല്‍ മുതല്‍ വാവേലി വരെയാണ് ഫെന്‍സിംഗ് ചാര്‍ജ് ചെയ്തിട്ടുള്ളത്. സമീപത്ത് നില്ക്കുന്ന മരങ്ങള്‍ മറിച്ചിട്ടാണ് ആനക്കൂട്ടം ഇവ തകര്‍ക്കുന്നത്. ഫെന്‍സിംഗ് നിര്‍മിക്കുന്നതിന് മുന്നേ മരങ്ങള്‍ മുറിക്കണമെന്ന ആവശ്യം നാട്ടുകാര്‍ ഉന്നയിച്ചിരുന്നു. പിന്നീട് മുറിക്കാം എന്നായിരുന്നു അധികാരികളുടെ മറുപടി. മാസങ്ങള്‍ കഴിഞ്ഞിട്ടും നടപടികള്‍ എങ്ങുമെത്തിയില്ല.
ഒരു കിലോമീറ്റര്‍ ഫെന്‍സിംഗ് സ്ഥാപിക്കാന്‍ 10 ലക്ഷത്തിലധികം രൂപയാണ് മുതൽമുടക്ക്. ഇത്രയും വലിയ തുകയാണ് മരങ്ങള്‍ മുറിക്കാന്‍ വൈകുന്നതുമൂലം നഷ്ടപ്പെടുത്തുന്നത്. ആനകള്‍ നാട്ടിലിറങ്ങി കൃഷിയും മറ്റ് വസ്തുവകകളും നശിപ്പിക്കുന്നതിലുള്ള നഷ്ടം വേറേയും. ഫെന്‍സിംഗിന് 30 മീറ്റര്‍ പരിധിയിലുള്ള മരങ്ങള്‍ മുറിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നത്.
ഇക്കാര്യത്തില്‍ അനുകൂല നടപടിയുണ്ടാകുമെന്ന് വര്‍ഷങ്ങള്‍ക്കു മുമ്പ് വകുപ്പ് മന്ത്രി നിയമസഭയിലുള്‍പ്പടെ പറഞ്ഞതാണ്. പ്രവൃത്തി ഏറ്റെടുക്കാന്‍ ആളെകിട്ടുന്നില്ലെന്ന കാരണമാണ് തടസമായി അധികാരികള്‍ ചൂണ്ടിക്കാണിക്കുന്നത്. യുദ്ധകാലാടിസ്ഥാനത്തില്‍ പ്രശ്നപരിഹാരത്തിന് ശ്രമിക്കേണ്ട അധികൃതർ ഇപ്പോഴും നടപടിക്രമങ്ങളിലെ സാങ്കേതികയില്‍ മുറുകെപിടിച്ചിരിക്കുന്നുവെന്നാണ് ആക്ഷേപം.